"അരൂര്‍ എന്ന ലോകത്തിലെ" ഏറ്റവും
മനോഹരമായ ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്.എന്‍റെ ജന്മ നാടിനെ
പറ്റി അങ്ങനെ അവകാശപ്പെടുന്നതിനു ടാക്സ് ഒന്നും കൊടുക്കണ്ടല്ലോ അല്ലേ ?
ഹി ഹി ..അവിടെ ജീവിച്ചിരിക്കുന്ന കുറെ രസികന്‍ കഥാ പാത്രങ്ങളുണ്ട്..
അതിലൊരാളാണ് പൊറിഞ്ചു എന്ന് വിളിപ്പേരുള്ളഫ്രാന്‍സിസ് ചേട്ടന്‍..
സംസാരിക്കുമ്പോള്‍ മാത്രം അല്‍ല്‍ല്‍....പ്പം കൊയ കൊയാന്നു കൊഞ്ഞപ്പുള്ള പൊറിഞ്ചുവേട്ടന് ഏതാണ്ട് ആറ് ആറരഅടി പൊക്കമുണ്ട്..
കരി ഓയിലില്‍ കുളിപ്പിച്ചെടുത്തത് പോലെ മെഴു മെഴാന്നുള്ള നിറം ..
വര്‍ത്തമാനം
പറച്ചില്‍ എങ്ങനെ സ്ലോ മോഷനിലാക്കാം എന്ന ഇനത്തില്‍ ഒരു കൊമ്പറ്റീഷന്‍
വച്ചാല്‍ ഉറപ്പായിട്ടും ഒന്നാം സമ്മാനം പൊറിഞ്ചുവേട്ടന്റെ
പെട്ടിക്കകത്തിരിക്കും..അത്രയ്ക്കും ഇഴഞ്ഞാണ് ആശാന്റെ വര്‍ത്തമാനം
മുന്‍കാലത്ത് മത്സ്യ ബന്ധനം ,വിപണനം,സംസ്കരണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട തൊഴിലുകള്‍ക്ക് പഞ്ഞമില്ലാത്ത നാടായിരുന്നു അരൂര്‍..
സ്വാഭാവികമായും പൊറിഞ്ചുവേട്ടന്‍ വലതു കാല്‍ വച്ചു ആദ്യം ഇറങ്ങിയത് ചെമ്മീന്‍ കച്ചവടത്തിനാണ്..
.രാത്രികാലങ്ങളില്‍ കൈതപ്പുഴക്കായലിലൂടെ
പെട്രോള്‍ മാക്സും തെളിച്ചു കൊണ്ട് ചീന വലകളില്‍ നിന്നു ചീന വലകളിലേക്ക്
പൊറിഞ്ചുവിന്റെ കൊച്ചു വള്ളം ഷട്ടില്‍ സര്‍വീസ് നടത്തുന്നത്
കുട്ടിക്കാലത്തെ ഞങ്ങളുടെ പതിവ് കാഴ്ചകളില്‍ ഒന്നാണ്.
ചീന വലക്കാര്‍ പിടിച്ചെടുക്കുന്ന ചെമ്മീനും മറ്റു മത്സ്യങ്ങളും ചൂടോടെ തന്നെ പൊറിഞ്ചു വാങ്ങിക്കൂട്ടും..
പിറ്റേന്നത് സൈക്കിളില്‍ കൊണ്ട് പോയി ചന്തയില്‍ വില്‍ക്കും .
വയര്‍ നിറയെ തെറുപ്പു ബീഡി വലിക്കും ...
വൈകീട്ട് ലേ.....ശം തെങ്ങിന്‍ കള്ള് അകത്താക്കും .
സമയം കിട്ടുമ്പോളൊക്കെ സ്വന്തം പിതാവായ പാപ്പു മാപ്ലയെ ഒന്നുപദേശിച്ച് നേരെയാക്കാന്‍ നോക്കും ..
ഇതൊക്കെയാണ് പൊറിഞ്ചുവേട്ടന്റെ സാധാരണ ദിനചര്യകള്‍ ..
ഇന്നത്തെ
പോലെ നാട്ടില്‍ മോട്ടോര്‍ ബൈക്കുകള്‍ ഒന്നുംവ്യാപകമല്ലാത്ത കാലമാണ് .ഒരു
സൈക്കിള്‍ ഉണ്ടായാല്‍ പോലും വലിയ ഗമയായി കൊണ്ട് നടക്കുന്ന കാലം .
പൊറിഞ്ചു വിന്റെ വാഹനത്തെ വെറും സൈക്കിള്‍ എന്ന് വിളിച്ചാല്‍ ശരിയാകില്ല.
പിന്നില്‍ വലിയ പെട്ടികളില്‍ ഐസ് കട്ടകള്‍ ഇട്ടു മരവിപ്പിച്ച ചെമ്മീന്‍ കയറ്റുന്നതിനായി ഘടിപ്പിച്ച വലിയ കാരിയര്‍ ..
പണ്ടേ
ദുര്‍ബല ..ഇപ്പോള്‍ ഗര്ഭിണിയുമായി എന്ന് പണ്ടാരാണ്ടോ പറഞ്ഞപോലെ ,
പഞ്ചറുകള്‍ തുന്നിക്കൂട്ടിയും ഇടയ്ക്കിടയ്ക്ക് പള്ള വീര്ത്തത് പോലെയും
ഇരിക്കുന്ന ടയറുകള്‍.
.ബെല്ലും ബ്രേക്കും എന്താണെന്ന് ആ തുരുമ്പു തുണ്ടം കണ്ടിട്ടുപോലും ഉണ്ടാവില്ല .
.അതി മോഹം കൊണ്ട് ആരെങ്കിലും അതില്‍ കയറി ഒന്നുരുട്ടാന്‍ നോക്കിയാല്‍ അന്നവന്റെ കട്ടേം പടോം മടക്കും
.അത്ര കിടിലന്‍ സാധനമാ ..
പക്ഷെ പൊറിഞ്ചു വേട്ടന്‍ അതില്‍ കയറി ഒന്നാഞ്ഞു ചവിട്ടിയാല്‍ മതി സൈക്കിള്‍ റോക്കറ്റ് പോലെ പായുന്നതും കാണാം .
ആരോഗ്യവാനും
.അവിവാഹിതനുമായ പൊറിഞ്ചു വിന്റെ കൈത്തരിപ്പും കാല്‍ കഴപ്പും
ഒക്കെതീര്‍ക്കാന്‍ പറ്റിയ ഒരു ഉരുപ്പടി ..സദാ കൂടെ കാണും സൈക്കിള്‍ !
സൈക്കിളിന്റെ ബെല്ലും ബ്രേക്കും എല്ലാം പൊറിഞ്ചുവിന്റെ വായിലും കാലിലും ഒക്കെയാണ് ഫിറ്റു ചെയ്തിട്ടുള്ളത്.
കാലുകള്‍ക്ക് നല്ല നീളമുള്ളതുകൊണ്ടു സൈക്കിള്‍ ഏതു അത്യാസന്ന നിലയിലും നിര്‍ത്തുന്നതിനു പ്രയാസമില്ല.
കാലൊന്നു നിലത്തു അമര്‍ത്തിച്ചവിട്ടിയാല്‍മതി
സഡന്‍
ബ്രേക്കിട്ടതു പോലെ നില്‍ക്കും അബദ്ധത്തിലെങ്ങാനും
സൈക്കിളിനു മുന്നില്‍ പെട്ടു പോകുന്ന ഹത ഭാഗ്യര്‍ക്ക് അന്ന്
വയറു നിറയെ പൊറിഞ്ചുവിന്റെ സ്ലോ മോഷനിലുള്ള പുളിച്ച തെറി കിട്ടും.
.പിന്നെ
ഡ്രൈ ക്ലീന്‍ ചെയ്താലും അഞ്ഞൂറ്റി ഒന്ന് ബാര്‍ സോപ്പിട്ടു അഞ്ഞൂറ്റി ഒന്ന്
തവണ ആറ്റിലിട്ട് അലക്കി പിഴിഞ്ഞ് എടുത്താലും ആ തെറിയുടെ നാറ്റം മാറാന്‍
നാലഞ്ചു ദിവസമെങ്കിലുമെടുക്കും.
ചെമ്മീന്‍
കച്ചവടം പൊറിഞ്ചു വേട്ടന്റെ കുടുംബ ബിസിനസാണ്..ഒരെണ്‍പത്
വയസെന്കിലും പ്രായമുള്ള പാപ്പു മാപ്ലയാണ് പൊറിഞ്ചുവിന്റെ പിതാശ്രീ.
 |
| പടങ്ങള്‍:ഗൂഗിളാന്‍ വക |
അപ്പന്‍ എന്നാണ്
ഞങ്ങളുടെ നാട്ടില്‍ പൊറിഞ്ചു അടക്കമുള്ള നസ്രാണിപ്പിള്ളേര്‍ തന്തമാരെ
വിളിച്ചു പോരുന്നത്.രാത്രികാല ബിസിനസില്‍ മിക്കവാറും വള്ളത്തില്‍
പൊറിഞ്ചുവിന്റെകൂടെ പാപ്പു മാപ്ലയും ഉണ്ടാകും..കൈതപ്പുഴക്കായലിലൂടെ ഇരുട്ടിനെ കീറിമുറിച്ചുനീങ്ങുന്ന ആ ചെറു വള്ളത്തിന്റെ ഇരുതലയ്ക്കലും ക്രിസ്മസ് കാലത്തു കെടുകയും തെളിയുകയുംചെയ്യുന്ന സീരിയല്‍ ബള്‍ബു പോലെ രണ്ടു തീപ്പൊരികള്മിന്നി മറയുന്നത് കാണാം
.ഉറക്കം വരാതിരിക്കാനും കായല്‍ കാറ്റിന്റെ തണുപ്പില്‍ നിന്നു
താല്‍ക്കാലികാശ്വാസം കിട്ടാനും വേണ്ടി ഇരുവരും വലിച്ചൂതുന്ന തെറുപ്പു
ബീഡികളുടെ തീയാണത് !
അപ്പനാണെന്ന് മുന്നിലിരിക്കുന്നതെന്നു കരുതി ബീഡി വലി പോലുള്ള അടിയന്തിര
പ്രാധാന്യമുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരു മുടക്കവും വരുത്താത്ത
കണിശ ക്കാരനാണ് പൊറിഞ്ചു
.പറ്റുമെങ്കില്‍ അപ്പനോട് .
" ..ബീഡിയുണ്ടോ അപ്പാ..ഒരു തീപ്പെട്ടി എടുക്കാന്‍ "
എന്ന് പഴയ സഖാക്കളെ പോലെ ധീര ധീരം കടം ചോദിക്കാനും "ബീഡിയില്ല മകനെ ഒരു പുകതരുമോ ?"എന്ന് തിരിച്ചു പറയാനും
ഞങ്ങളുടെ നാട്ടില്‍ ആണായിട്ടൊരുത്തന്‍ ജനിചിട്ടുന്ടെങ്കില്‍ അത് സാക്ഷാല്‍ ശ്രീമാന്‍ പൊറിഞ്ചു വേട്ടന്‍ തന്നെയാണ് .
ബീഡിയും
തീപ്പെട്ടിയും ഇല്ലാതെ വരുന്ന അപ്പനെ, പുസ്തകം കൊണ്ട് വരാതെ സ്കൂളില്‍
വന്നിരുന്ന തെക്കേലെ മൂക്കട്ട സുകുവിനെ നിഷ്കരുണം ക്ലാസ്സില്‍ നിന്ന്
ഇറക്കി വിടുന്ന കടുവ പപ്പനാവന്‍ സാറിനെ പോലെ വള്ളത്തില്‍ നിന്ന് ഇറക്കി
വിടാനും പൊറിഞ്ചു വിനു മടിയില്ല ..
,നടുക്കായലില്‍ വല്ലയിടത്തും
വച്ചാണെങ്കില്‍ അപ്പന്റെ ഉത്തരവാദിത്വം ഇല്ലായ്മയെക്കുറിച്ച് പറഞ്ഞ്
ഒടക്കി അപ്പനും മകനും പുതിയ തെറി ഡിക്ഷ്ണറി ഉണ്ടാക്കുകയും ചെയ്യും .
" ഈ പൊറിഞ്ചു വിനെ ചീത്തയാക്കുന്നത് അപ്പനാണെന്ന് മൂത്ത പെങ്ങള്‍
പുഷ്പിയും ,അതല്ല ,അപ്പനെ ചീത്തയാക്കുന്നത് പൊറിഞ്ചു വാണെന്നും പറഞ്ഞു
അമ്മ മേരികൊച്ചുമ്മയും പരസ്പരം കുറ്റപ്പെടുത്തുന്നത് കേട്ടിട്ടുണ്ട്
..പാപ്പു മാപ്ല യാകട്ടെ "ഈ അരൂക്കരയിലെ ഇക്കണ്ട ക്രിസ്ത്യാനി കു
ടികളില്‍ നീയൊക്കെ അരിച്ചു
പെറുക്കിയാലും
ഇത്ര തങ്ക പ്പെട്ട സ്വഭാവ ഗുണമുള്ള ഒരു മൊതലിനെ കിട്ടു കേലെടീ
എന്തരവളുമാരെ .." എന്ന സര്ട്ടിഫിക്കറ്റാണ് ഇതിനുള്ള മറുപടിയായി നല്‍കി
പോന്നത് ...
.സമയാസമയങ്ങളില്‍ വരുന്ന വികാരങ്ങള്‍ ..അത് ദേഷ്യമായാലും തമാശയായാലും "അപ്പാ."."മകാ " വ്യത്യാസമില്ലാതെ പൊറിഞ്ചു
അപ്പന് നേരെ പ്രയോഗിക്കും...ചന്തയിലെ ചന്തമുള്ള മീന്‍ വില്പനക്കാരി ജാനകിയുടെ ചന്തി
കുലു
ക്കം അരൂര്‍ മേഖലയില്‍ ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതങ്ങളും ,
പുളിന്താഴത്തു ഷാപ്പിലെ കറി വില്പ്പനക്കാരി കോമളവും ചെത്തുകാരന്‍
ദിവാകരനും തമ്മിലുള്ള 'ഡിങ്കോള്‍പ്പിക്കേഷന്‍ ' ഇടപാടുകള്‍ ഇപ്പോള്‍
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പോലെ സൂപര്‍ ഹിറ്റിലേക്ക് കുതിക്കുകയാണെന്നും
കോമളത്തിന്റെ
മുന്‍കാല ഭര്‍ത്താവെന്നു സംശയിക്കുന്ന നാണുചോകാന്‍ ഏതാണ്ട് എലുമിനെ
ഷന്‍ .റൌണ്ടില്‍ എത്തി നില്‍ക്കുകയാണെന്നും വരെയുള്ള എല്ലാ
സംഭവവികാസങ്ങളും ഓരോരോ
എപ്പിസോഡുകളായി
പൊറിഞ്ചു പറഞ്ഞു കേള്‍പ്പിക്കും ...പൊറിഞ്ചു വിന്റെ തല്‍സമയ സംപ്രേഷണം
കേട്ടും കണ്ടും ആവേശത്തിന്റെ അടക്കാ മരതുമ്പത്തു എത്തുന്ന പാപ്പു മാപ്പിള
"എന്നിട്ട് ...?? എന്നിട്ട് ..നീ അത് പറ ?? " എന്ന് ആകാംഷ യോടെ ചോദിച്ചു കൊണ്ടേ ഇരിക്കും ..
വീട്ടിലെ
ഇളയ സന്താനമാണ് പൊറിഞ്ചുവെങ്കിലും വയസു പത്തു മുപ്പത്തഞ്ചു കഴിഞ്ഞു
..താനിങ്ങനെ പുര നിറഞ്ഞു നില്‍ക്കുകയാണെന്ന വിചാരം അപ്പനോ ചേട്ടന്മാര്ക്കോ
ഇല്ലാത്തതിന്റെ ഏന ക്കേടും ദഹനക്കേടും ഒരു ദിവസം പൊറിഞ്ചു അപ്പനോട്
വെട്ടിത്തുറന്നു പറഞ്ഞു...
സംഗതി ഏറ്റു... അതിനു ഉടന്‍ ഫലമുണ്ടായി ..വീട്ടുകാര്‍ സഭ കൂടി പൊറിഞ്ചു വിനെപെണ്ണ് കെട്ടിക്കാന്‍
തീരുമാനമെടുത്തു ...യോഗ തീരുമാനം എല്ലാവരും കൂടി വള്ളി പുള്ളി വിടാതെ പൊറിഞ്ചു വിനെ അറിയിക്കുകയും ചെയ്തു ...
"അയ്യോ! അത്ര ധൃതി പിടിച്ചൊന്നും എനിക്ക് പെണ്ണ് കെട്ടണ്ടാ ...ഒരാഴ്ച കഴിഞ്ഞു മതി "എന്നായിരുന്നത്രേ പൊറിഞ്ചു വിന്റെ മറുപടി ..
അങ്ങനെയാണ് കണ്ണമാലിക്കാരിയായ
ലില്ലിക്കുട്ടിയെ പൊറിഞ്ചു നാട്ടുകാരും വീട്ടുകാരും പള്ളിക്കാരും
അറിഞ്ഞു കെട്ടിയെടുത്തോണ്ട് വന്നത് .
ലില്ലി ക്കുട്ടി ആള് ഒരു ഒന്നൊന്നര പെണ്ണാണ് ...കടലില്‍ നിന്നുള്ള ഉപ്പു കാറ്റേറ്റു പഴുത്ത .ചാമ്പക്കാ പോലുള്ള നെറം!
ഒത്ത പൊക്കവുംതരക്കേടില്ലാത്ത സ്പെയര്‍പാര്‍ട്സും ഒക്കെ യായി ആകെയൊരു ആനച്ചന്തം !
ഒരിക്കല്‍ ഒന്ന് കണ്ടാല്‍ എത്ര കണ്‍ട്രോള്‍ ഉള്ള ജഗജില്ലി ആണേലും ഒന്നൂടെ നോക്കിപ്പോകുന്ന
അംഗ വൈഭവം !
അത് ശരിയുമാണ് ...ലില്ലിയെ കെട്ടി കൊണ്ട് വന്നു ഒരു മണിക്കൂറിനുള്ളില്‍
തളര്‍ വാതം പിടിപെട്ടു കിടന്നിരുന്ന പൊറിഞ്ചു വിന്റെ വല്യപ്പന്‍ വറീത് മാപ്ല എഴുന്നേറ്റിരുന്നു
വായ്ക്കു
രുചിയായി ബിരിയാണി കഴിച്ചുവെന്ന് ഞങ്ങളുടെ നാട്ടില്‍ പരദൂഷ ണ ക്കാര്‍
പാടി നടക്കുന്നുണ്ട് .. പൂര്‍വാശ്രമത്തില്‍ കണ്ണമാലി എന്ന കടലോര
ഗ്രാമത്തിലെ തപോ ധനനായ ഈശപ്പന്‍ മേസ്ത്രി
എന്ന
കണ്വ മഹര്‍ഷിക്ക് വാര്‍ക്കപ്പണിക്ക് വന്ന സഹ പ്രവര്‍ത്തകയും സര്‍വോപരി
ഇളകിയാട്ട ക്കാരിയുമായ ശോശാമ്മ എന്ന അപ്സരസ്സില്‍ ഉണ്ടായ ദിവ്യ ശിശുവാണ്
-ഇന്നത്തെ ലില്ലിക്കുട്ടിയായി
പരിണാമം പൂണ്ടതത്രേ!
ഈശപ്പന്‍ മേസ്ത്രിക്ക് പറ്റിയ ഒരു കൈയബദ്ധം !!
യൌവനാരംഭത്തില്‍ തന്നെ കണ്ണമാലിക്കാരായ യുവ കോമളന്മാരുടെ ഊണും ഉറക്കവും കെടുത്തിയ തരുണീ മണി !
വലിയ സ്കൂളിലും കോളേജിലും ഒന്നും പോയിട്ടില്ലെങ്കിലും ലില്ലിക്കുട്ടിയായിരുന്നത്രേ കണ്ണമാലി
കടപ്പുറത്തെ
സ്റ്റാര്‍....ബ്യുട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ എന്ന് പറയും പോലെ കാമുക
വൃന്ദം സ്കൂളും കോളേജും ഒക്കെ ഉപേക്ഷിച്ചു ലില്ലിക്കുട്ടിയെ ലൈന്‍
അടിക്കാന്‍ കടപ്പുറത്ത് ചുറ്റിക്കറങ്ങും ...
ആ മിസ് കണ്ണമാലിയാണ് പൊറിഞ്ചുവിന്റെ വാമഭാഗം അലങ്കരിക്കാന്‍ ഞങ്ങളുടെ നാട്ടില്‍
എത്തിയിരിക്കുന്നത് ...അരൂരിലെ ഐശ്വര്യാ റായിമാരായി തിരു മോന്തകളില്‍
ഫെയര്‍ ആന്‍ഡ് ലൌലിയും പൂശി നടന്ന കൂതറ കള്‍ക്ക് ലില്ലി ക്കുട്ടിയുടെ
വരവ് ഇരുട്ടടിയായി ...അതോടെ ഞങ്ങളുടെ മുന്നില്‍ ഏതാണ്ടൊക്കെ പൊന്തിച്ചു
നടന്നിരുന്ന എരണം കെട്ടവളുമാരുടെ പത്തിയും ഒന്നടങ്ങി ...
ലില്ലിക്കുട്ടിയും പൊറിഞ്ചുവും കൂടി പള്ളിയില്‍ പോകുന്നതിന്റെ ആ തഞ്ചം ഒന്ന് കണ്ടാല്‍ മതിയല്ലോ
നാട്ടുകാര്‍ക്ക് നോക്കി നിന്ന് ഒന്നൂറിച്ചിരിക്കാനും അടക്കം പറഞ്ഞ് ആസ്വദിക്കാനും !! .
മാനും കരിമന്തിയും കൂടി മേയാന്‍ നടക്കുകയാനെന്നെ തോന്നൂ !
ഓര്‍ക്കാപ്പുറത്ത് ലോട്ടറി അടിച്ചത് പോലെ ലില്ലിക്കുട്ടിയെ കിട്ടിയ പൊറിഞ്ചുവിന്റെ
മോന്തായത്തില്‍ പകല്‍ സമയവും കത്തികിടക്കുന്ന തെരുവ് വിളക്ക് പോലെ ഒരു
പ്രകാശം നിറഞ്ഞു നിന്നു ..കടപ്പുറത്ത്
"മിസ്‌കണ്ണമാലി"യായി ചന്തിയും കുലുക്കി നടന്ന സൌന്ദര്യ റാണിയെ യാണ് ഒരുകൊട്ട പൂവാലന്‍ ചെമമീന്‍ പോലെ മൊത്തത്തില്‍ സ്വന്തമാക്കിയിരിക്കുന്നത് ! ചില്ലറ നേട്ടമല്ല !
ആ അഹമ്മതിക്കിടയില്‍ ചില്ലറ ഭയാശങ്കകളും പൊറിഞ്ചുവിന്റെ ഉള്ളില്‍ ഇരുമ്പു സൈക്കിളിലെ മാറാത്തുരുമ്പു പോലെ
പൊടിച്ചു വന്നു ..ലില്ലിക്കുട്ടി നാട് കടന്നതോടെ കണ്ണമാലി കടപ്പുറം
വിജനമായെങ്കിലും തന്‍റെ വീട്ടു പരിസരത്തും ഇട വഴിയിലുമെല്ലാം ചൂളം വിളികളും
ഒളി കണ്‍ നോട്ടങ്ങളും പതിവില്ലാത്ത വിധം കൂടിയതാണ് പൊറിഞ്ചുവിനെ
അസ്വസ്ഥനാക്കിയത്..
മൂത്ത് പഴുത്ത കസ്തൂരിമാമ്പഴമല്ലേ ..കാക്കയെങ്ങാനും കൊത്തിപോയാലോ !
അതാണ് പേടി ! തന്‍റെ
സൌന്ദര്യവും ലില്ലിക്കുട്ടി യുടെ താരുണ്യവും തമ്മില്‍ മാച്ചു ചെയ്തു
നോക്കി അവളെങ്ങാനും അയല്‍വക്കത്തെ തൊലി വെളുപ്പന്മാരുടെ പഞ്ചാര
പുഞ്ചിരിയില്‍ മയങ്ങി പോയാലോ !! കര്‍ത്താവേ ..ചിന്തിക്കാന്‍ കൂടി വയ്യ
..അതോര്‍ത്തപ്പോള്‍ കരയില്‍ പിടിച്ചിട്ട ചൂടന്‍ ചെമ്മീനെ പോലെ പൊറിഞ്ചു
ഞെളിപിരി കൊണ്ടു..എവിടെ തിരിഞ്ഞാലും തന്റെ ഭാര്യയുടെ സൌന്ദ്യ ര്യാരാധകര്‍
മാത്രമേ ഉള്ളു ..
ലില്ലിക്കുട്ടി യെ ഇടം വലം തിരിയാന്‍ ഇടം കൊടുക്കാതെ പൊറിഞ്ചു അങ്ങനെ പരിപാലിച്ചു പോന്നു
ഇതിനിടയില്‍ ചെമ്മീന്‍ ബിസിനസ് കോട്ടം തട്ടാതെമുന്നോട്ടു പോവുന്നുമുണ്ട് ..
ഒരു
ദിവസം രാത്രി പൊറിഞ്ചുവും അപ്പനും കൂടി കച്ചവടത്തിന് പോയി ചെമ്മീനുമെല്ലാം
വാങ്ങി തിരിച്ചു പോരുകയാണ് .നേരം ഏതാണ്ട് പുലര്‍ച്ചെ 2 മണി ആയിക്കാണും
.ഉറക്കച്ചടവ് മാറ്റാന്‍
പതിവുള്ള കട്ടന്‍ ചായ കുടിക്കാനായി വള്ളം കായലോരത്തെ നൈറ്റ് കടയ്ക്കു സമീപം അടുപ്പിച്ചു ..
ചായ
ഓര്‍ഡര്‍ ചെയ്തു ..കട നിറയെ വള്ളക്കാരും മീന്‍ പിടുത്തക്കാരും ഉണ്ട്
..നല്ല തിരക്ക് ..രാവെന്നോ പകലെന്നോ നോക്കാതെ രണ്ടു മൂന്നു കുറ്റി
പുട്ടൊക്കെ കടലയോ ,പരിപ്പോ കൂട്ടി പുഷ്പം പോലെ അകത്താക്കുന്നു ചിലര്‍
..കണ്ടാല്‍ തീറ്റ മത്സരം സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തിയിരിക്കുകയാണെന്ന്
തോന്നും ....അറിയുന്നവരും ആദ്യമായി കാണുന്നവരും
ഉണ്ട്. അതിനിടയില്‍ വര്‍ത്തമാനം പറഞ്ഞിരുന്ന ഒരു മധ്യ വയസ്കന്‍ പൊറിഞ്ചു
വിനോട് പരിചയം കാണിച്ചു അടുത്തു കൂടി ..
"നിങ്ങ എവ്ടുന്നാ ?"
"ഞ്ഞങ്ങ...... അരൂക്കാരാ ...നിങ്ങേ...? പൊറിഞ്ചു നീട്ടി നീട്ടി പറഞ്ഞു..
"ആഹാ ..അരൂക്കാരാണാ...അത് കൊള്ളാ ല്ലാ .!!!!.."അയാളുടെ മുഖം പുന്നെല്ലു കണ്ട എലിയെ പോലെ തിളങ്ങി ...
"ഞങ്ങ
..കണ്ണമാലിക്കാരാണേയ്....എടോ .ഞാ..നേ ..ഒരരൂക്കാരനെ കാണാനിരിക്കേര്‍..
.ന്നേ..." തേടി നടന്ന കൊമ്പന്‍ സ്രാവ് വലയില്‍ തനിയെ വന്നു കയറിയത് പോലെ
അയാള്‍ ഉഷാറായി ..
അതെന്തിനാ ...പൊറിഞ്ചു വിന്റെ ആകാംഷ കൂടി ...
"എടൊ ..അതേയ് ...ഒരു വെവരം അറിയാനാ ....
ഞങ്ങട കണ്ണ മാലീന്നു ഒരാ...റ്റന്‍ ചരക്കിനെ നിങ്ങട ഈ അരൂക്കരയിലേക്ക് കേട്ടിച്ചോണ്ട്
വന്നിട്ടോണ്ട...!..അയ്യോ......എന്ത് കിണ്ണന്‍ സാധനമായിരുന്നെന്നു
അറിയാവാ ...നിങ്ങക്ക് .!!!..എന്റമ്മോ .....എടൊ അവള് പോയെ പ്പിന്നെ
ഞങ്ങട കടപ്പുറം ..ഒറങ്ങി പോയടോ...."
"ആ...ഹാ ..അതാരാ... ണപ്പാ അങ്ങന ഒരു ചരക്ക്...?? " പൊറിഞ്ചു വിനു അത്ര പെട്ടന്ന് ആളാരാണെന്ന് പിടികിട്ടിയില്ല
"ഓ..പളോ.... നിങ്ങക്കറിയാമ്മേ... ലേ...? അയാള്‍ അതിശയിച്ചു ...
ഏതോ പുതിയ കേസുകെട്ടിന്റെ കാര്യമാണ് അയാള്‍ പറഞ്ഞു തുടങ്ങുന്നതെന്ന് കരുതി പാപ്പു മാപ്പിള ബാക്കി കേള്‍ക്കാന്‍
ഉഷാറായി..
ഷക്കീല പടത്തിന്റെ ട്രെയിലര്‍ കാണുന്ന ആവേശത്തോടെ മറ്റു വള്ളക്കാരും അത് കേട്ട് രസിച്ച് ഉമിനീരിറക്കി നില്‍ക്കുകയാണ് ...
അയാള്‍
രഹസ്യം പോലെ സംസാരത്തിന്റെ ഒച്ച കുറച്ചു പൊറിഞ്ചു വിനോട് പറഞ്ഞു "എടോ
ഞങ്ങട കണ്ണമാലീ ക്കാരന്‍ ഈശപ്പന്‍ മേസ്ത്രിയുടെ മകള്
ലില്ലിക്കുട്ടി ..." പിന്നെ എല്ലാവരോടു മായി :
" അവളല്ലേ ..പെണ്ണ് ...പെണ്ണെന്നു പറഞ്ഞാ ....എന്റമ്മോ ..ഞങ്ങട ,കണ്ണമാലീക്കടപ്പൊറം മുഴുവന് കുലുക്കിക്കളഞ്ഞ മൊതലല്ലേ ..."
അവടെ തള്ളേം ഒരൊന്നാന്തരം ചരക്കായിരുന്നേ..നല്ല ചക ചകാന്നു ....ഹോ ,,ഓര്‍ക്കുമ്പോ തന്നെ ദേ ...രോമം എഴുന്നേറ്റു
നിക്കേണേ..."അയാള്‍ ഒറ്റ രോമം പോലും ഇല്ലാത്ത കൈ പൊറിഞ്ചു വിന്റെ നേരെ നീട്ടി തന്‍റെ രോമാഞ്ചത്തിന്റെ വരവറിയിച്ചു ..
പൊറിഞ്ചുവിന്റെ സകല കണ്‍ട്രോളും കൈവിട്ടു പോയി ..
."ടപ്പേ ..എന്നോരൊച്ചയും "ന്റമ്മോ " ന്നൊരു നിലവിളിയും ഉയര്‍ന്നു ...
എല്ലാം കണ്ടും കേട്ടും പാപ്പു മാപ്ല വാപൊളിച്ചു നില്‍ക്കുയാണ്
"അപ്പാ ...എന്നാ കോ ...പ്പിലെ വിശേഷം കേട്ട് നിക്കുകേ ണ് ..നിങ്ങ ...?
"എന്ന് പറഞ്ഞു കൊണ്ടു ഇളക്കി തുള്ളി പൊറിഞ്ചു വള്ളത്തിലേക്ക് ചാടിക്കയറി ..പുറകെ പാപ്പു മാപ്ലയും .."
അടികൊണ്ടു വീണ കണ്ണമാലിക്കാരന്‍ ഈ അടി ഏത് വകുപ്പില്‍ കൊള്ളിക്കണമെന്നറിയാതെ
കവിളും തടവി ഇരുന്നു പോയി .!!
കഥ കേട്ട് രസിച്ചു നിന്ന വള്ളക്കാരും !
വാല്‍ക്കഷണം:
പിറ്റേന്ന് മുതല്‍ പൊറിഞ്ചു ചെമമീന്‍ കച്ചവടം നിര്‍ത്തിയെന്ന് കേട്ടു ....
വിവരം തിരക്കിയവരോട് അയാള്‍ പറഞ്ഞതെന്താണെന്നറിയാമോ ?
"ഓ ..ചെമ്മിക്കച്ചോടം കൊണ്ട് ലാബം ഒന്നും കിട്ടണില്ലെന്നേ...ഇനി വേറെ വല്ല കച്ചോ...ടോം നോക്കണം "
-------------------------------------------------------------------------------------------
അല്ലല്ലാ ....ഇത് കൊ..ള്ളാ...ല്ലാ...ഞങ്ങട പൊറിഞ്ചൂന്റ കതേം വായിച്ചിട്ട് ചുമ്മാ അങ്ങ് പോകുവാണോ?എനിക്കും താടോ
കണ്ണമാലിക്കാരന് കിട്ടിയത് പോലെ "ടപ്പേ ..."ന്നൊരടി....ഓ പളോ... (തുടരും)...